Monday, January 28, 2013

മൃതി


മൃതി
ചോരയുടെ നിറമുള്ള സ്നേഹം
വാക്കുകകളുടെ മറുപടിയില്ലാതെ തളംകെട്ടിനിൽക്കുന്നു
ആരോ അറുത്തിട്ട കൈത്തണ്ടയിൽനിന്ന്
തമസ്കരിക്കപ്പെട്ട പ്രണയം ഇറ്റിറ്റ് വീഴുന്നു
വിളറിവെളുത്ത ആഴമുള്ള മുറിവുകളിൽനിന്ന്
ആരുടേയോ ഓർമ്മകൾ പിറുപിറുക്കുന്നുണ്ട്
പരിചിതരായവർ ചിലർ പരസ്പരം നോക്കി
കൈമോശം വന്ന ഓർമ്മകളെ മറവികൊണ്ട് മൂടി
കാണാമറയത്തേക്ക്  കാത്തിരുന്നവർ
മൃതിതൊട്ട് തീണ്ടിയ ശരീരം  കണ്ട് അറച്ച്നിൽക്കുന്നു
മെൽക്കൂരയിൽചേർന്ന്  തൂങ്ങിനിൽക്കുന്ന സ്വപ്നങ്ങൾ
അറുത്തുമാറ്റിയ നിലത്തെ ശരീരത്തോട് ചേർന്നിരിക്കുന്നു
അറുതിതീരാതെ ആസക്തിയുടെ ലഹരിയിൽ
ചിലരുടെ മോഹങ്ങൾ ശരീരത്തിൽ തൊട്ടുരുമ്മുന്നു
മതിഭ്രമം ബാധിച്ച ഒരാൾ മുറുമുറുത്തുകൊണ്ട്
ബാക്കിയായ ആഗ്രഹങ്ങൾ ചോദിച്ചറിയുന്നു
പുനർജ്ജനിയില്ലാതെ ജന്മം ചുരുൾ പിരിഞ്ഞ്
അസ്ഥിപഞ്ജരത്തോട് മാപ്പിരക്കുന്നു                                   
തൊട്ടറിയുവാനായി കാത്തിരുന്ന ലോലതന്തുക്കൾ
ശരീരത്തോട് ചേർന്നിരുന്നതിൽ വിലപിക്കുന്നു
മനസ്സും ശരീരവും മണ്ണോട് ചേരുമ്പോൾ
എല്ലാം അവസാനിച്ചത് എനിക്ക് മാത്രമായിരുന്നു